പൊലീസ് മർദനത്തിൽ കാലിന് ഒടിവുണ്ടായെന്ന് ജവാൻ; സൈന്യം ഇടപെട്ട് ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

 
crime

കോഴിക്കോട്: പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് ചികിത്സയിൽ കഴിയുന്ന ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മേജർ മനു അശോകിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിന്റെ ഇഎംഇ വിഭാഗത്തിലാണ് അജിത്ത് ജോലി ചെയ്യുന്നത്. പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

നിരോധിത റോഡിലൂടെ അജിത്ത് ബൈക്കിൽ പോകാൻ ശ്രമിച്ചതിനെ തുടർന്ന് അജിത്തും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് അജിത്ത് ആരോപിച്ചു.

അജിത്തിന്റെ ബന്ധുക്കൾ ഇക്കാര്യം ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിനെ അറിയിച്ചതിനെ തുടർന്നാണ് സൈന്യം ഇടപെട്ടത്. അജിത്തിനെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മെഡിക്കൽ കോളജ് അധികൃതരുടെ ഡിസ്ചാർജ് ഷീറ്റിൽ ബന്ധുക്കൾ ഒപ്പിട്ടിരുന്നു.

എന്നാൽ അജിത്തിനെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പൊലീസ് ഇടപെടലിനെ തുടർന്നാണ് ആശുപത്രി അധികൃതർ അങ്ങനെ പറഞ്ഞതെന്ന് ബന്ധുക്കൾ ആരോപിച്ചു.

അതേസമയം, എല്ലാ ആരോപണങ്ങളും പോലീസ് നിഷേധിച്ചു. തങ്ങൾ അജിത്തിനെ മർദിച്ചിട്ടില്ലെന്നും ഗ്രീൻ വാലിയിൽ വെച്ച് നാട്ടുകാരിൽ ഒരാളുടെ ചവിട്ടേറ്റ് പരിക്കേറ്റതാകാമെന്നും പോലീസ് പറഞ്ഞു. ഹെൽമറ്റ് ഉപയോഗിച്ചാണ് അജിത്ത് പൊലീസുകാരെ ആക്രമിച്ചതെന്നും പൊലീസ് ആരോപിച്ചു.