ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ

 
women Commission
women Commission

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി വനിത കമ്മിഷനെ കക്ഷി ചേർത്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. 

പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് ചെയ്യും, സതീദേവി വ്യക്തമാക്കി. 

വിഷയത്തിൽ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ട് കമ്മിഷൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ മേഖല ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാൻ 
സാഹചര്യമൊരുക്കുന്നതിനെ കമ്മീഷൻ പൂർണമായും പിന്തുണക്കും. സിനിമ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ നിലവിലെ നിയമ വ്യവസ്ഥയിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. മൊഴികൾ നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വരണം. ഏതു തൊഴിൽ മേഖലയിലും ഇതുപോലെ സ്ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ടു വരണമെന്നാണ് കമ്മീഷൻ നിലപാടെന്നും സതീദേവി പറഞ്ഞു. 

സിറ്റിംഗിൽ 9 പരാതികൾ തീർപ്പാക്കി 

വ്യാഴാഴ്ച കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിത കമ്മീഷൻ സിറ്റിംഗിൽ 64 കേസുകൾ പരിഗണിച്ചതിൽ 
ഒമ്പതെണ്ണം തീർപ്പാക്കി.  അഞ്ച് എണ്ണത്തിൽ മേൽ റിപ്പോർട്ട് തേടി.  മൂന്നെണ്ണം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് വിട്ടു.  47 എണ്ണം അടുത്ത സീറ്റിംഗിനായി മാറ്റി. തൊഴിൽ സ്ഥലത്തെ പീഡനം,  ഗാർഹികപീഡനം എന്നിവയാണ് പരാതികളിൽ ഭൂരിഭാഗവും. സിറ്റിംഗിൽ കമ്മീഷൻ അധ്യക്ഷ പി സതീദേവിയ്ക്ക് പുറമേ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വക്കറ്റുമാരായ എ ജെമിനി, പി എ അഭിജ, സി കെ സീനത്ത്, കൗൺസിലർമാരായ കെ ടി രഞ്ജിത, പ്രജിത, വിജിത, ബിനു വനിത പോലീസ് ഉദ്യോഗസ്ഥരായ ദിവ്യശ്രീ, ഷിംന എന്നിവർ പങ്കെടുത്തു.