കെ റെയിൽ അടഞ്ഞ അധ്യായമല്ല; കേന്ദ്രം അവഗണന തുടരുകയാണെങ്കിൽ പ്ലാൻ ബി

 
Bala

തിരുവനന്തപുരം: കെ റെയിൽ അടഞ്ഞ അധ്യായമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നും കേന്ദ്രവുമായി തുടർച്ചയായ ചർച്ചകൾ നടത്തിവരികയാണെന്നും നിയമസഭയിൽ ബജറ്റ് അവതരണം അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിൻ്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരതത്തിൻ്റെ വരവോടെ ജനങ്ങളും മാധ്യമങ്ങളും സംസ്ഥാന സർക്കാരിൻ്റെ നിലപാടിൻ്റെ ശരി മനസ്സിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ബജറ്റ് കേരളത്തിൻ്റെ റെയിൽ വികസനത്തെ അവഗണിച്ചതായി മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണെന്നും ഈ അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡിന് 500 കോടി രൂപ അനുവദിച്ചു. അടുത്ത കേരളീയം പരിപാടിക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.