കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിൻ്റെ പൂർണ പിന്തുണ ലഭിക്കുന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാം
പാലക്കാട്: കേരളത്തിലെ തർക്കത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ പൂർണ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പ് വരെ സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രൻ തുടരട്ടെ എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് കേന്ദ്രനേതൃത്വം അംഗീകരിച്ചു.
പാലക്കാട് ബി.ജെ.പി നേതാക്കളെ പരസ്യ പ്രതികരണത്തിൽ നിന്ന് വിലക്കിയതോടെ ഇനി പൊട്ടിത്തെറി ഉണ്ടാകില്ലെന്ന നിലപാടിലാണ് നേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരുടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.
പാലക്കാട്ടെ തോൽവിയെ തുടർന്നുണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോടും സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനോടും രാജി സന്നദ്ധത അറിയിച്ചു.
എന്നാൽ പാലക്കാട് സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രനേതൃത്വം സുരേന്ദ്രനെ അറിയിച്ചു. അതേസമയം വഖഫ് ഭൂമി വിഷയത്തിൽ സമരം ശക്തമാക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി നേതൃയോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പിന്തുണയ്ക്കാത്ത കേരളത്തിലെ എംപിമാരുടെ ഓഫീസുകളിലേക്ക് ബിജെപി മാർച്ച് നടത്തും വഖഫ് ബിൽ പാർലമെൻ്റിൽ. വഖഫിൻ്റെ പേരിൽ ആരെ വേണമെങ്കിലും കുടിയൊഴിപ്പിക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. വഖഫ് ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം കേരളത്തിന് എതിരാണ്. അത് പിൻവലിക്കണം. പ്രാദേശിക വാർഡ് പുനർവിഭജനത്തിൽ വ്യാപക ക്രമക്കേട്.
ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന സർക്കാരിൻ്റെയും പിന്തുണയോടെയാണിത്. യു.ഡി.എഫും ഈ വിഷയത്തിൽ മൗനത്തിലാണ്. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും ബിജെപി ചെറുക്കും; സുരേന്ദ്രൻ വ്യക്തമാക്കി.