'കാഫിർ' സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം

 
Kerala

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പ്രചരിച്ച വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ച മുമ്പ് പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്ത ജിതിൻ ഭാസ്‌കർ കേസിലെ ഒന്നാം പ്രതിയാണ്. 

ജാമ്യാപേക്ഷ പരിഗണിക്കവെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ജിതിൻ ഭാസ്‌കർ കോടതിയെ അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, പ്രതിയെ വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. 

അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പ്രകാരം വ്യാജ സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് ജിതിൻ ഭാസ്‌കറാണെന്നാണ് സംശയം. തെളിവുകൾ ഇല്ലാതാക്കാനായി മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്തതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു. എന്നാൽ ചോദ്യം ചെയ്യൽ പൂർത്തിയായതും പ്രതി ഇതിനകം കസ്റ്റഡിയിൽ കഴിഞ്ഞതും പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.