കേരള ബജറ്റ്: വിദ്യാർഥികളുടെ 'ബ്രെയിൻ ഡ്രെയിൻ' തടയാൻ ₹100 കോടി ചെലവിൽ നോളജ് വാലി
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽപരിശീലനത്തിനുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്ന പ്രവണത കുറയ്ക്കുന്നതിനായി 100 കോടി രൂപ ചെലവിൽ 'നോളജ് വാലി' സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം, ഗവേഷണം, നൂതന സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന വിജ്ഞാന കേന്ദ്രമായിരിക്കും നോളജ് വാലിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
വിദ്യാർഥികൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ ലോകോത്തര പഠന-ഗവേഷണ സൗകര്യങ്ങൾ ഒരുക്കുകയും, ഭാവി സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ പഠനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായ മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പദ്ധതി വഴിയൊരുക്കും.
ഓരോ വർഷവും കേരളത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് ഈ നിർണായക പ്രഖ്യാപനം. ഇതുമൂലം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടവും പ്രതിഭകളുടെ ഒഴുക്കും (Brain Drain) നേരിടേണ്ടിവരുന്നതായി സർക്കാർ വിലയിരുത്തുന്നു. നോളജ് വാലി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് തന്നെ മികച്ച വിദ്യാഭ്യാസ-ഗവേഷണ അവസരങ്ങൾ സൃഷ്ടിക്കാനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.