14 വയസുകാരിയായ പീഡനത്തിനിരയായ പെൺകുട്ടിയുടെ 28 ആഴ്ച ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി

 
HIGH COURT

കൊച്ചി: 28 ആഴ്ച ഗർഭിണിയായ 14 വയസുകാരിയായ ബലാത്സംഗ അതിജീവിതയുടെ ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉത്തരവിറക്കിയത്. ഗർഭസ്ഥ ശിശുവിന്റെ ഗർഭകാലം 34 ആഴ്ചയോടടുത്താൽ ആരോഗ്യസാധ്യതകൾ മെച്ചപ്പെടുമെന്ന മെഡിക്കൽ ബോർഡിന്റെ അഭിപ്രായം ഉണ്ടായിരുന്നെങ്കിലും, 14 വയസ്സുകാരിയായ പീഡന അതിജീവിത അനുഭവിക്കുന്ന കടുത്ത മാനസികവേദനയും സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

പെൺകുട്ടിയും പിതാവും രേഖാമൂലം സമ്മതം നൽകിയാൽ ഗർഭച്ഛിദ്രത്തിനുള്ള എല്ലാ ക്രമീകരണങ്ങളും അടിയന്തരമായി സംസ്ഥാന സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. നടപടിക്കിടെ കുഞ്ഞ് ജീവനോടെ ജനിച്ചാൽ ആവശ്യമായ നവജാത ശിശു ചികിത്സ ഉറപ്പാക്കണം. കുഞ്ഞിനെ വളർത്താൻ താൽപര്യമില്ലെങ്കിൽ നിയമപ്രകാരം ദത്തെടുപ്പ് ഏജൻസിക്കോ ശിശുസംരക്ഷണ സ്ഥാപനത്തിനോ കൈമാറാമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഡിഎൻഎ പരിശോധനയ്ക്കായി ആവശ്യമായ സാമ്പിളുകൾ സംരക്ഷിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.