കേരളത്തിനാവശ്യം വിദ്യാർത്ഥികളിൽ നിന്നുള്ള നൂതനാശയങ്ങൾ: ഡോ ആർ ബിന്ദു

 
B. Bindu
തിരുവനന്തപുരം: കേരളം ആർജ്ജിച്ച വൈഞ്ജാനിക മൂലധനത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ജനജീവിതം മെച്ചപ്പെടുത്തുന്നതിനും കേരളത്തിന്റെ സമ്പദ്ഘടന വിപുലീകരിക്കുന്നതിനുമുള്ള മൂർത്തമായ ശ്രമങ്ങൾ സാങ്കേതിക വിദ്യാഭ്യാസത്തിൽ പരിജ്ഞാനം നേടുന്ന വിദ്യാർത്ഥികൾ നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. സാങ്കേതിക സർവകലാശാല ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് സെല്ലിന്റെയും ഐ പി ആർ കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 
കേരളത്തിന്റെ അടിസ്ഥാന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങിയവയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ ജീവിതത്തിലെ സുപ്രധാനമായ കടമയായി വിദ്യാർത്ഥികൾ ഇത് കണക്കാക്കണമെന്നും ഡോ. ബിന്ദു അഭിപ്രായപ്പെട്ടു.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം സുഘടിതമായി രൂപപ്പെടുത്തിയെടുക്കാനും കൂടുതൽ നൂതനാശയങ്ങളെ പ്രായോഗിക തലത്തിൽ ആവിഷ്ക്കരിക്കാനും ഗവേഷണപരമായ ഉത്തരവാദിത്തങ്ങൾ കൂടുതൽ മികവോടെ ഏറ്റെടുക്കാനും സാങ്കേതിക സർവകലാശാലയുടെ ഉദ്യമങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 1000 പ്രൊജക്റ്റുകൾ ഏറ്റെടുത്ത് പരിഹരിക്കുവാൻ പദ്ധതി തയ്യാറാക്കിയ സർവകലാശാലയെ മന്ത്രി അഭിനന്ദിച്ചു.
സർവകലാശാല അടുത്ത വർഷം നടത്തുന്ന അന്തർദേശീയ കോൺഫറൻസിന്റെ വെബ്സൈറ്റിന്റെ ഉദ്‌ഘാടനം കാട്ടാക്കട എം എൽ എ ഐ ബി സതീഷ് നിർവഹിച്ചു.
വൈസ് ചാൻസിലർ ഡോ സജി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് പി അംബിക, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്‌കുമാർ ജേക്കബ്, പ്രൊഫ. സഞ്ജീവ് ജി, ഡോ. വേണുഗോപാൽ ജി, ഡോ. ജമുന ബി എസ്, ആഷിക് ഇബ്രാഹിംകുട്ടി, ഡീൻ അക്കാദമിക് ഡോ വിനു തോമസ്, രജിസ്ട്രാർ ഡോ. എ പ്രവീൺ എന്നിവർ സംസാരിച്ചു.
*ഐ പി ആർ-സ്റ്റാർട്ടപ്പ് സെല്ലുകളെ കുറിച്ച്*
ആഗോള വിപണി ലക്ഷ്യമാക്കി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ അധ്യാപകർ, വിദ്യാർത്ഥികൾ, പൊതുജനം, സർക്കാർ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന നവീനമായ നവോത്ഥാനാത്മകമായ സംരംഭകത്വ ഇക്കോ സിസ്റ്റം വികസിപ്പിക്കുക എന്നതാണ് സാങ്കേതിക സർവ്വകലാശാലയുടെ സ്റ്റാർട്ട് അപ്പ് നയം. അഫിലിയേറ്റഡ് കോളേജുകളുടെ പിന്തുണയോടെ 100 ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററുകൾ സ്ഥാപിക്കുക, പ്രതിവർഷം കുറഞ്ഞത് 500 സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുക, പ്രതിവർഷം പത്തു കോടി രൂപയുടെ വിപണിയുണ്ടാക്കുക, വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ വിപണിയിൽ വിൽക്കാവുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റുക, സാങ്കേതിക സ്റ്റാർട്ടപ്പുകൾക്കായി വെഞ്ചർ ക്യാപിറ്റൽ ഫണ്ടിംഗ് സൗകര്യമൊരുക്കുക, ഉൽപ്പന്ന വികസന പ്രക്രിയയ്ക്കായി വിവിധ കോളേജുകളിലും വ്യവസായങ്ങളിലുമുള്ള ആർ & ഡി പിന്തുണാ സിസ്റ്റങ്ങൾ 'നോ ലോസ് നോ പ്രോഫിറ്റ്' അടിസ്ഥാനത്തിൽ ബന്ധിപ്പിക്കുക എന്നിവയാണ് സ്റ്റാർട്ടപ്പ് സെല്ലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഇവ കൈവരിക്കാൻ വിപുലമായ പദ്ധതികൾക്കും സർവ്വകലാശാല രൂപം കൊടുത്തിട്ടുണ്ട്.