അമേരിക്ക അന്വേഷിക്കുന്ന അന്താരാഷ്ട്ര കുറ്റവാളിയെ കേരള പോലീസ് പിടികൂടി

 
US

തിരുവനന്തപുരം: അമേരിക്ക അന്വേഷിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റവാളിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്സെജ് ബെസ്സിയോക്കോവ് (46) വർക്കലയിൽ അറസ്റ്റിലായി. ഗാരന്റക്സ് എന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് പ്രതി. ക്രിമിനൽ സംഘങ്ങളെയും സൈബർ കുറ്റവാളികളെയും ദശലക്ഷക്കണക്കിന് ഡോളർ അനധികൃത പണം വെളുപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇയാൾക്കെതിരായ പ്രധാന കുറ്റം.

അലക്സെജ് ബെസ്സിയോക്കോവിനെ യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ വർക്കലയിലെത്തിയ അലക്സെജ് ബെസ്സിയോക്കോവിനെ വർക്കലയിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

രാജ്യം വിടാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നെങ്കിലും സിബിഐയുടെ ഇന്റർപോൾ യൂണിറ്റിന്റെ സഹായത്തോടെ കേരള പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. യുഎസിന്റെ അഭ്യർത്ഥനപ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടിരുന്നു. തുടർന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അലക്സെജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഇന്റർപോൾ സിബിഐയും കേരള പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. കേരള പോലീസ് പ്രതിയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം യുഎസിലേക്ക് കൈമാറും. സമാനമായ ഒരു കുറ്റകൃത്യത്തിന് റഷ്യൻ പൗരനും ഗാരന്റക്സിന്റെ സഹസ്ഥാപകരിൽ ഒരാളുമായ അലക്സാണ്ടർ മിറ സെർദ (40) ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അദ്ദേഹം യുഎഇയിലാണെന്നാണ് റിപ്പോർട്ട്.