ബോണ്ടയ്ക്ക് ജെയിംസ് ബോണ്ട് സ്റ്റൈൽ മേക്കോവർ നൽകി കേരള ടൂറിസം; കൈയടിച്ച് ശശി തരൂർ
കേരളത്തിലെ ജനപ്രിയ പലഹാരമായ ബോണ്ടയ്ക്ക് വ്യത്യസ്തമായ പ്രചാരണരീതി ഒരുക്കി കേരള ടൂറിസം. ലോകപ്രശസ്ത ചാരകഥാപാത്രമായ ജെയിംസ് ബോണ്ടിന്റെ പേരും ശൈലിയും കൂട്ടിച്ചേർത്ത് ബോണ്ടയെ അവതരിപ്പിച്ചുള്ള രസകരമായ പ്രചാരണമാണ് ശ്രദ്ധ നേടുന്നത്. 'ബോണ്ട'യും 'ജെയിംസ് ബോണ്ടും' തമ്മിലുള്ള പേരിലെ സാമ്യം ഉപയോഗിച്ചാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും വിനോദസഞ്ചാര പ്രചാരണത്തിന് പുതുമ നൽകുന്നതിനുമുള്ള നീക്കമായാണ് ഈ ആശയം വിലയിരുത്തപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചാരണരീതി ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും കേരള ടൂറിസത്തിന്റെ ഈ രസകരമായ ആശയത്തിന് പിന്തുണ അറിയിച്ചു. കേരളത്തിന്റെ ഭക്ഷണസംസ്കാരത്തെ സർഗാത്മകമായി അവതരിപ്പിക്കുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.