കേരളത്തിന്റെ അതിവേഗ റെയിൽ സ്വപ്നത്തിന് വീണ്ടും തിരിച്ചടി; കേന്ദ്ര അജൻഡയിൽ ഹൈസ്പീഡ് കോറിഡോർ ഇല്ല
കേരളത്തിൽ അതിവേഗ റെയിൽ കോറിഡോർ നടപ്പാക്കുമെന്ന പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടിയായി കേന്ദ്ര സർക്കാർ ഹൈസ്പീഡ് റെയിൽ പദ്ധതികളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ സംസ്ഥാനത്തിന്റെ ദീർഘകാല റെയിൽ വികസന പദ്ധതികൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
2026-27 കേന്ദ്ര ബജറ്റിൽ മുംബൈ–പുണെ, പുണെ–ഹൈദരാബാദ്, ഹൈദരാബാദ്–ബെംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരു, ഡൽഹി–വാരണാസി, വാരണാസി–സിലിഗുരി എന്നീ ഏഴ് ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിനായുള്ള പദ്ധതിക്ക് ഇടം ലഭിച്ചിരുന്നില്ല.
പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, കേരളത്തിനായി ഒരു ഹൈസ്പീഡ് റെയിൽ പദ്ധതിക്കും ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലേക്കെത്തിയിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
സിൽവർലൈൻ പദ്ധതി കേന്ദ്രാനുമതി ലഭിക്കാതെ നിലച്ച സാഹചര്യത്തിൽ, പുതിയ റീജണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പോലുള്ള ബദൽ പദ്ധതികളുമായി കേരളം മുന്നോട്ടുപോകുന്നുണ്ടെങ്കിലും, കേന്ദ്രത്തിന്റെ അനുമതിയും പിന്തുണയും ലഭിക്കുമോയെന്നതാണ് നിർണായകമായ ചോദ്യം.