കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി: തോമസ് ഐസക്കും ബാലഗോപാലും മറുപടി പറയേണ്ടി വരും: കെ.സുരേന്ദ്രൻ

 
surendran

കൊല്ലം: രാജ്യത്ത് കുറഞ്ഞ പലിശയ്ക്ക് ലഭിക്കുമായിരുന്ന വായ്പ വലിയ പലിശയ്ക്ക് വിദേശത്ത് നിന്നും കിഫ്ബിയുടെ പേരിൽ വാങ്ങിയതിനാണ് തോമസ് ഐസക്കിനെതിരെ ഇഡി നടപടിയെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മസാല ബോണ്ട് എന്ന പേരിൽ വാങ്ങിയ വായ്പ ഉത്പാദനപരമല്ലാത്ത കാര്യങ്ങൾക്കായി വിനിയോഗിച്ചതിനും ഐസക്ക് മറുപടി പറയേണ്ടി വരുമെന്നും കൊല്ലം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിന് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് സംസ്ഥാന സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റ് പോകുന്നത്. ധനമന്ത്രി കെഎം ബാലഗോപാൽ ജനങ്ങളോട് മാപ്പ് പറയണം.

മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിൽ പോയി സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണ്. അതിൻ്റെ പണം എകെജി സെൻ്റർ എടുക്കണം. എട്ട് വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് കേരളത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദിക്ക് വലിയ സ്വീകാര്യത കേരളത്തിലുണ്ട്. മോദിയുടെ ഗ്യാരണ്ടി ജനങ്ങൾ ഏറ്റെടുത്തു. അതു കൊണ്ടാണ് എൽഡിഎഫും യുഡിഎഫും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിക്കുന്നത്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കൃത്യമായ മറുപടി കേന്ദ്രം കൊടുത്തു.  വായ്പാ പരിധി വെട്ടിക്കുറച്ചുവെന്നാണ് പ്രധാനപ്പെട്ട ആരോപണം. കിഫ്ബി ബജറ്റിൽ പറയാത്ത കാര്യങ്ങൾക്കാണ് വായ്പ്പയെടുക്കുന്നത്. ഇത് നടപ്പുള്ള കാര്യമല്ല.  പിരിക്കേണ്ട ടാക്സ് സംസ്ഥാനം പിരിക്കുന്നില്ല. അൽപ്പമെങ്കിലും ആത്മാർത്ഥത പിണറായി വിജയനുണ്ടെങ്കിൽ ദില്ലിയിൽ സമരം ചെയ്യാൻ പോകും മുമ്പ് ഇതൊക്കെ പറയണം.

സംസ്ഥാനത്ത് ഒരു പദ്ധതിക്കും മോദി സർക്കാർ പണം കൊടുക്കാതിരുന്നിട്ടില്ല. ഒരു പദ്ധതിയും കേന്ദ്രത്തിൻ്റെ കുറ്റം കൊണ്ട് മുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിൻ്റെ അൽപ്പം ധാർമ്മികതയുണ്ടെങ്കിൽ കേന്ദ്രം അവഗണിച്ചോയെന്ന് പറയണം. കശുവണ്ടി തൊഴിലാളികളുടെ കാര്യത്തിൽ ബാലഗോപാൽ എന്ത് ചെയ്തു? റബറിന് 180 രൂപയാക്കിയെന്ന് പറയുന്നത് കബളിപ്പിക്കലാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

കേരളത്തിലെ ക്രമസമാധാനനില തകർന്നു കഴിഞ്ഞു. കേരള ഗവർണർ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ വാഹനം ഇടിച്ചു കയറ്റി. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ഒരാളാണ് ഇത് ചെയ്തത്. അയാൾക്ക് ആയിരം രൂപ മാത്രമാണ് പിഴയിട്ടത്.

പിഴ മാത്രം ഇട്ട് പ്രതിയെ പുറത്തിറങ്ങാൻ അനുവദിക്കാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തത്? ഇത് ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടിയെടുക്കണം. കേരളത്തിൽ ഭരണഘടനാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ ആക്രമിക്കപ്പെടുകയാണ്. മുഖ്യമന്ത്രി രാജാവിനെ പോലെ പെരുമാറുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.