കെഐഐഎഫ്ബി ഉടൻ പിരിച്ചുവിടില്ല; മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിക്ക് നിർദേശം

 
Kerala

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) ഉടൻ പിരിച്ചുവിടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഘടന, സാമ്പത്തിക പ്രവർത്തനം, ഭരണസംവിധാനം, പ്രവർത്തനരീതി എന്നിവ സമഗ്രമായി വിലയിരുത്താൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഐഐഎഫ്ബിയുടെ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ സ്വീകരിക്കുക. 

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധാ പിള്ള അധ്യക്ഷയായ സമിതിയിൽ മുൻ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ചാർട്ടേഡ് അക്കൗണ്ടന്റ് നിലേഷ് വികംസെ, എച്ച്. ശുഭലക്ഷ്മി നാരായണൻ, മുൻ കേന്ദ്ര റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് എന്നിവർ അംഗങ്ങളാണ്. കെഐഐഎഫ്ബിയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഭരണ-സാമ്പത്തിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളാണ് സമിതി സമർപ്പിക്കുക. 

ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെയാകും സമിതി പ്രവർത്തിക്കുക. ഗവേഷണത്തിനും സാമ്പത്തിക വിശകലനത്തിനും സംസ്ഥാന ആസൂത്രണ ബോർഡ്, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനവും ആവശ്യമായാൽ വിദഗ്ധരുടെ സഹായവും സമിതിക്ക് തേടാം. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കെഐഐഎഫ്ബിയുടെ പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക.