കൊച്ചി ആസ്ഥാനമായ ടാൽറോപ് പ്രവർത്തനം അവസാനിപ്പിച്ചു; 300ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടം

 
Kerala

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ടാൽറോപ് (Talrop) പ്രവർത്തനം അവസാനിപ്പിച്ചതോടെ 300ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി. കമ്പനിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെയാണ് ജീവനക്കാർ പ്രതിസന്ധിയിലായത്. 

കഴിഞ്ഞ നാല് മുതൽ 11 മാസം വരെ ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ആരോപിച്ച് ജീവനക്കാർ കമ്പനിയുടെ തൃക്കാക്കരയിലെ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. തൊഴിൽ വകുപ്പിലും നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു. 

അതേസമയം, നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും ബിസിനസ് പുനഃസംഘടനയും കണക്കിലെടുത്താണ് നിലവിലെ ഇക്കോസിസ്റ്റം അവസാനിപ്പിക്കുന്നതെന്ന് ടാൽറോപ് വ്യക്തമാക്കി. പഴയ കമ്മ്യൂണിറ്റി അധിഷ്ഠിത മാതൃകയിൽ നിന്ന് സ്ഥാപന കേന്ദ്രീകൃത മാതൃകയിലേക്ക് മാറുകയാണെന്നും കുടിശ്ശിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി തീർപ്പാക്കുമെന്നും കമ്പനി അറിയിച്ചു. 

സമീപ ദിവസങ്ങളിൽ കേരളത്തിലെ ഐടി മേഖലയിലുണ്ടായ രണ്ടാമത്തെ വലിയ തൊഴിൽ പ്രതിസന്ധിയാണിത്. ജീവനക്കാരുടെ പരാതികളിൽ തൊഴിൽ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.