എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട്ട് സാംസ്കാരിക പാർക്ക്; പ്രാരംഭ പ്രവർത്തനങ്ങൾക്ക് ₹50 കോടി

 
Kerala

ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി കോഴിക്കോട്ട് സാംസ്കാരിക പാർക്ക് ഒരുങ്ങുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ ₹50 കോടി വകയിരുത്തിയതായി ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. 

വെറും സ്മാരകമെന്നതിലുപരി സാഹിത്യം, സിനിമ, കല, സംസ്കാരം എന്നിവയുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമായാണ് പാർക്ക് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയതും ആദ്യത്തേതുമായ ഇത്തരത്തിലുള്ള സാംസ്കാരിക പാർക്കായി ഇത് വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

ചരിത്ര-സാഹിത്യ മ്യൂസിയം, ലൈബ്രറി, ബുക്ക് ഷോപ്പ്, ആർട്ട് ഗാലറി, സിനിമാ തിയേറ്റർ, എഴുത്തുകാരുടെ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന സൗണ്ട് മ്യൂസിയം എന്നിവ പദ്ധതിയുടെ ഭാഗമാകും. ചെറുചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കുന്നവർക്കായി വർക്ക്‌ഷോപ്പ് സൗകര്യങ്ങളും ഒരുക്കും. 

എഴുത്തുകാർക്കും സിനിമാ പ്രവർത്തകർക്കും മറ്റ് കലാകാരന്മാർക്കും താമസിക്കാനുള്ള ഹോട്ടൽ, ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ഭക്ഷണശാലയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് എത്തിക്കുന്ന ഒരു വിജ്ഞാനകേന്ദ്രമായി പാർക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. 

പദ്ധതിക്കായി സ്ഥലം കണ്ടെത്തുന്നതിനുള്ള ചുമതല കോഴിക്കോട് ജില്ലാ കലക്ടർക്കാണ് നൽകിയിരിക്കുന്നത്. എം.ടി. വാസുദേവൻ നായരുടെ കുടുംബാംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.