കെഎസ്ആർടിസി ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

 
Death

കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരനെ കോഴിക്കോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരയംകുളം സ്വദേശി അനീഷ് (38) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് കണ്ടക്ടറായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിലെ മുറിയിൽ കയറിയത്. ഇന്ന് രാവിലെയാണ് ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട്ടേക്ക് സ്ഥലം മാറ്റിയതിന് ശേഷം അനീഷിന് കടുത്ത മാനസിക വിഷമമുണ്ടായിരുന്നുവെന്ന് അനീഷിൻ്റെ ബന്ധുക്കൾ പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

കഴിഞ്ഞയാഴ്ച കെഎസ്ആർടിസി കണ്ടക്ടറെയും ഭാര്യയെയും രണ്ടിടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം ആവണീശ്വരം മേഖലയിലാണ് സംഭവം. പുനലൂർ ഡിപ്പോയിലെ കണ്ടക്ടറായ വിജീഷും ഭാര്യ രാജിയുമാണ് മരിച്ചത്. പോലീസ് നടത്തിയ പ്രാഥമിക നിഗമനമനുസരിച്ച് ഇരുവരും വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് സംശയിക്കുന്നു.