കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വിദ്യാർത്ഥികളും പൊതു സമൂഹവും തള്ളിക്കളയും:മന്ത്രി വി ശിവൻകുട്ടി
Jun 24, 2024, 19:23 IST
തിരുവനന്തപുരം : കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിരാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളും പൊതു സമൂഹവും ബന്ദ് തള്ളിക്കളയും. പ്ലസ് വൺ സീറ്റ് സംബന്ധിച്ച യഥാർത്ഥ കണക്കുകൾ പൊതുമണ്ഡലത്തിൽ ഉണ്ട്. അത് ആർക്കും പരിശോധിക്കാവുന്നതാണ്. നിയമസഭയിലും വ്യക്തമായി കണക്കുകൾ അടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അവതരിപ്പിച്ച എംഎൽഎമാർക്ക് കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പ്രവേശന നടപടികൾ സുതാര്യമായും ശാസ്ത്രീയമായും പുരോഗമിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം സാധ്യമാക്കുന്ന പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. വിദ്യാർത്ഥി സംഘടനകളുടെ ആശങ്ക കേൾക്കാനും പരിഹാര നടപടികൾ ആവശ്യമെങ്കിൽ അത് കൈക്കൊള്ളാനും സർക്കാർ തയ്യാറാണ്. വിദ്യാർത്ഥി സംഘടനകളുമായി പൊതുവിദ്യാഭ്യാസ മന്ത്രി നേരിട്ട് ചർച്ച നടത്താൻ പോകുകയാണ്. എന്നാൽ ആ യോഗത്തിന് മുമ്പ് തന്നെ വിദ്യാഭ്യാസ ബന്ദ് കെ എസ് യു പ്രഖ്യാപിച്ചത് ഈ വിഷയത്തിലെ ആത്മാർത്ഥത ഇല്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.