സ്വകാര്യ സർവ്വകലാശാലകൾക്ക് കൂടുതൽ ക്യാമ്പസുകൾ അനുവദിക്കാൻ നിയമഭേദഗതി
പൊതു സർവ്വകലാശാലകൾക്ക് ദോഷം ചെയ്യും
അനന്ത സാധ്യതയുള്ള കച്ചവടലക്ഷ്യമെന്ന് ആരോപണം

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന് പിന്നിൽ സർക്കാരിന് കച്ചവട ലക്ഷ്യമുണ്ടെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തെത്തി. നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച സ്വകാര്യ സർവ്വകലാശാല ബില്ലിൽ സർവകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ടായിക്കുമെന്നും കോളേജുകളെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാൻ പാടില്ലെന്നും സംസ്ഥാനത്ത് ഒരു മൾട്ടി ക്യാമ്പസായി പ്രവർത്തിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാൽ സർക്കാരിൻറെ അനുമതിയോടുകൂടി കൂടുതൽ ക്യാമ്പസുകൾ ആരംഭിക്കാമെന്ന പുതിയൊരു വ്യവസ്ഥ കൂടി ഔദ്യോഗിക ഭേദഗതിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നൽകുകയും സബ്ജക്ട് കമ്മിറ്റി അത് പാസാക്കുകയും ചെയ്തു.(ബില്ല് ഖണ്ഡം 3(3))
മെഡിക്കൽ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്വാശ്രയ എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളുമുള്ള കോർപ്പറേറ്റ് മാനേജ്മെൻറ്കൾക്ക് അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനുള്ള നിയമഭേദഗതിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതോടെ നിലവിൽ പൊതു സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയോടെ സ്വകാര്യ സർവകലാശാലയുടെ ഭാഗമാക്കാനാവും. ഇത് പൊതു സർവ്വകലാശാലകളെ ദോഷകരമായി ബാധിക്കും.
അനന്ത സാധ്യതയുള്ള കച്ചവട ലക്ഷ്യത്തോടെ യാണ് സ്വകാര്യ സർവ്വകലാശാല ബിൽ സർക്കാർ തിരക്കിട്ട് നിയമസഭയിൽ അവതരിപ്പിച്ചതെന്നും, സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിൽ കൂടുതൽ ക്യാമ്പസുകൾ അനുവദിക്കാനുള്ള പുതിയ നിയമഭേദഗതി നിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.