മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്‍മാറണം: കെ കെ റൈഹാനത്ത്

 
muslim

തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ മറവില്‍ വീണ്ടും മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അര്‍ഹമായ സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് അടിയന്തരമായി പിന്‍തിരിയണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. 

എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും മുസ്ലിം സംവരണത്തിന് നീക്കിവെക്കുന്ന പിഎസ് സി റൊട്ടേഷന്‍ ചാര്‍ട്ടിലെ ടേണ്‍ 16 ആശ്രിത നിയമനത്തിനായി മാറ്റിവെക്കാനുള്ള നീക്കം ന്യൂനപക്ഷ വഞ്ചനയുടെ തുടര്‍ച്ചയാണ്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷിയാകേണ്ടി വരും. ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ രണ്ടു ശതമാനം മുസ്ലിം സംവരണം വെട്ടിക്കുറച്ച് ഉത്തരവിറക്കിയതും ഇടതു സര്‍ക്കാര്‍ തന്നെയാണ്.
 
2019 ലെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ സംവരണം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം മാത്രം നടത്തി സര്‍ക്കാര്‍ മുസ്ലിം സമൂഹത്തെ കബളിപ്പിക്കുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ പിന്നാക്ക-ന്യൂനപക്ഷ- ദുര്‍ഭല വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള സംവരണം ഏതുവിധേനയും അട്ടിമറിക്കാനുള്ള ശ്രമം തുടരുകയാണ്. 

പാലൊളി കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള 80-20 ആനുകുല്യം അട്ടിമറിച്ചതും കേന്ദ്ര ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയ 10 ശതമാനം സവര്‍ണ സംവരണം നടപ്പാക്കിയതും ഉദാഹരണങ്ങളാണ്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം നിര്‍ത്തലാക്കുമെന്ന് മോദിയും അമിത് ഷായും രാജ്യവ്യാപകമായി കാംപയിന്‍ നടത്തുമ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ തന്ത്രപരമായി അത്തരം സംവരണങ്ങള്‍ ഇല്ലാതാക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നത്. 

ഒരേ സമയം ഫാഷിസ്റ്റ് വര്‍ഗീയ അജണ്ടകള്‍ പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് വായ്ത്താരി പറഞ്ഞ് പിന്നിലൂടെ കുത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഒളിയജണ്ടകള്‍ തിരിച്ചറിയണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.