‘അന്വേഷിക്കട്ടെ, ഞങ്ങളെ ബാധിക്കില്ല’; മെസി കേരള സന്ദർശന വിവാദത്തിൽ പിണറായി വിജയൻ

 
Kerala

മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള മുൻ എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിൽ ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സിപിഐഎം നേതാവ് പിണറായി വിജയൻ. വിഷയത്തിൽ അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

“അന്വേഷിക്കട്ടെ. അത് ഞങ്ങളെ ബാധിക്കില്ല,” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ വിഷയത്തിൽ ആവശ്യമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി. മത്സരം നടത്തുന്നതിനായി സ്റ്റേഡിയം അനുവദിക്കാനുള്ള നടപടികളും മെസിയെ കേരളത്തിലെത്തിക്കുന്നതിനുള്ള പ്രാഥമിക നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു.

അതേസമയം, മെസി സന്ദർശനവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപടിക്രമങ്ങളിൽ വീഴ്ചകളും സ്വകാര്യ കമ്പനിക്ക് അനുകൂലമായ ഇടപെടലുകളും ഉണ്ടായെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കായികവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച സാഹചര്യത്തിലാണ് വിവാദം വീണ്ടും ശക്തമായത്. 

സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദവും പിണറായി ആവർത്തിച്ചു. കരാർ സർക്കാരും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.