തുലാവർഷം ശക്തമാകുന്നു; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബർ 21ന് കൂടുതൽ ജില്ലകളിലേക്ക് മഴ മുന്നറിയിപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തീരദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.