വാഹനാപകടത്തിൽ നാലുപേർ മരിക്കാനിടയായത് പിഡബ്ല്യുഡിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ

 
Accident

മൂന്നാർ: തമിഴ്‌നാട് സ്വദേശികളുമായെത്തിയ ട്രാവലർ മാങ്കുളത്ത് മറിഞ്ഞ് നാല് പേർ മരിച്ച സ്ഥലത്ത് മോട്ടോർ വാഹന, പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന നടത്തും. തോട്ടിൽ വീണ യാത്രക്കാരനെ പുറത്തെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. റോഡിൻ്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെയും സ്ഥലത്ത് അപകടം നടന്നിരുന്നു. പിഡബ്ല്യുഡിയുടെ അനാസ്ഥയാണ് അപകടകാരണം. സംരക്ഷണഭിത്തി നിർമിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെ മാങ്കുളം ആനകുളം റോഡിൽ പേമരത്താണ് അപകടം. തിരുനെൽവേലിയിലെ ഒരു പ്രഷർ കുക്കർ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നവർ ഉല്ലാസ യാത്രയിലായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ഗുണശേഖരൻ ഗോവിന്ദ അരസ് (60), അഭിനേഷ് മൂർത്തി (30), മകൻ തൻവിക് (ഒന്നര വയസ്സുകാരൻ), പി കെ സേതു (34) എന്നിവരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. അതേസമയം, ഗുരുതരമായി പരിക്കേറ്റ ഒരാൾ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

100 അടി താഴ്ചയിലേക്കാണ് യാത്രക്കാരൻ വീണത്. വാഹനത്തിന് പിന്നിലുണ്ടായിരുന്ന സഹപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം, തേനി സ്വദേശിനിയായ ശരണ്യ തൻ്റെ ഭർത്താവിൻ്റെയും ഒന്നര വയസ്സുള്ള മകൻ്റെയും മരണവാർത്ത അറിയാതെ ആശുപത്രിയിൽ കഴിയുകയാണ്. മകൻ തൻവിക്കിനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

പിന്നീട് ശരണ്യയെയും ഭർത്താവ് അഭിനേഷിനെയും വിവിധ വാഹനങ്ങളിൽ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. മരണവിവരം ബന്ധുക്കൾ ഇതുവരെ ശരണ്യയെ അറിയിച്ചിട്ടില്ല. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.