ലോ-ആൽക്കഹോൾ മദ്യം: വിശദമായ ചർച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആർച്ച് ബിഷപ്പ് പാംപ്ലാനി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോ-ആൽക്കഹോൾ മദ്യങ്ങളുടെ വിൽപ്പന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു.
മുഖ്യമന്ത്രിയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും, ഇതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ കേട്ടശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോ-ആൽക്കഹോൾ പാനീയങ്ങൾക്ക് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയവും സാമൂഹികവുമായി വ്യാപകമായ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇത് നികുതി ഘടന സംബന്ധിച്ച നിർദേശം മാത്രമാണെന്നും, വിൽപ്പനയോ മദ്യനയമോ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഭരണകക്ഷി മുന്നണിയുമായി കൂടിയാലോചിച്ച ശേഷമേ ഉണ്ടാകൂ എന്നും സർക്കാർ അറിയിച്ചു.