ജർമനിയിൽ നിന്ന് പാഴ്സലായി കോടികൾ വിലമതിക്കുന്ന എൽഎസ്ഡി

വഴിയാണ് മയക്കുമരുന്ന് കടത്ത് കൊച്ചിയിൽ ഡാർക്ക്നെറ്റ് വ്യാപകമാകുന്നു
 
drugs

കൊച്ചി: ഡാർക്ക്നെറ്റ് വഴി കോടികളുടെ ഇടപാട് നടത്തിയ മയക്കുമരുന്ന് വ്യാപാരികൾ കൊച്ചിയിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ജർമ്മനിയിൽ നിന്നുള്ള പാഴ്‌സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വൻ മയക്കുമരുന്ന് വേട്ടയ്ക്ക് വഴിയൊരുക്കിയത്.

മയക്കുമരുന്ന് കച്ചവടത്തിന്റെ മുഖ്യ സൂത്രധാരൻ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൺ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജർമ്മനിയിൽ നിന്ന് 10 എൽഎസ്ഡി സ്റ്റാമ്പുകൾ പാഴ്സലിലൂടെ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചിയിൽ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽഎസ്ഡി സ്റ്റാമ്പുകളും എട്ട് ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് നാർക്കോട്ടിക് ബ്യൂറോ വ്യക്തമാക്കി. കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ ഇന്നലെ കൊച്ചിയിൽ പിടിയിലായിരുന്നു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എസ്.അജ്മൽ (മാജിക് മെഹന്ദി-33), പള്ളുരുട്ടി ചിറക്കൽ പാലം സ്വദേശി പി.എം.ഷെമീർ (47), എള്ളംകുളം കോർപറേഷൻ കോളനി സ്വദേശി വിഷ്ണു (24) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. അജ്മൽ, ഷെമീർ എന്നിവരിൽ നിന്ന് 6.5 ഗ്രാം എംഡിഎംഎ, മൂന്ന് സ്മാർട്ട്‌ഫോണുകൾ, 9500 രൂപയും വിഷ്ണുവിൽ നിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.