തൃശൂരിൽ മൂന്ന് എടിഎമ്മുകളിൽ വൻ മോഷണം; മുഖംമൂടി ധരിച്ചവർ 50 ലക്ഷത്തിലധികം കൊള്ളയടിച്ചു

 
sbi

തൃശൂർ: ജില്ലയിൽ വൻ എടിഎം മോഷണം. മാപ്രാണം കോലഴിയിലും ഷൊർണൂർ റോഡിലുമായി മൂന്ന് എടിഎമ്മുകൾ കവർച്ച നടത്തി. പുലർച്ചെ 2.30 നും 4.00 നും ഇടയിലാണ് സംഭവം. 60 ലക്ഷത്തിലധികം രൂപ മോഷ്ടാക്കൾ കവർന്നതായാണ് പ്രാഥമിക നിഗമനം.

കാറിലെത്തിയ നാലംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത ശേഷം പണവുമായി കടന്നുകളഞ്ഞു. കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കൾ എത്തിയത്. എന്നാൽ കാറിൻ്റെ നമ്പർ പ്ലേറ്റ് വ്യാജമാണ്. പ്രതികൾ മുഖംമൂടി ധരിച്ചിരുന്നു.

എടിഎമ്മുകളിലെ ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ബാങ്ക് ജീവനക്കാർ തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ മോഷ്ടാക്കളാണെന്നാണ് സൂചന.

മാപ്രാണം എടിഎമ്മിലാണ് പ്രതികൾ ആദ്യം കവർച്ച നടത്തിയത്. ഇവിടെ നിന്ന് 30 ലക്ഷം രൂപയാണ് കവർന്നത്. പിന്നീട് കോലഴിയിലെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എടിഎം തകർത്ത് 10 ലക്ഷം രൂപയും കവർന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.