മലപ്പുറത്ത് വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് പൊള്ളലേറ്റു, മൂന്ന് പേരുടെ നില ഗുരുതരമാണ്

 
Fire

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. പൊള്ളലേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. തീപിടിത്തം അപകടമാണോ ആത്മഹത്യാ ശ്രമമാണോ എന്ന് വ്യക്തമല്ല.

ഏറാട്ടു വീട്ടിൽ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന, മണികണ്ഠൻ്റെ അമ്മ സരസ്വതി എന്നിവർക്കാണ് പൊള്ളലേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ തകർത്ത് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഒറ്റപ്പാലത്തെ പ്രകാശിൻ്റെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഫർണിച്ചർ കട പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നതിനാൽ തീ പടർന്നില്ല. ഇതോടെ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീയും പുരുഷനും വെന്തുമരിച്ചു. ഏജൻസിയിലെ ജീവനക്കാരിയും പാപ്പനംകോട് വാടകവീട്ടിൽ താമസിക്കുന്നതുമായ വൈഷ്ണ (34)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.