മലപ്പുറം സ്വദേശി, മുൻ ദേശീയ ഫുട്ബോൾ താരം അസീം കൊറളിയാടൻ കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

 
Kerala

മലപ്പുറം അരീക്കോട് പുത്തലം സ്വദേശി, മുൻ സന്തോഷ് ട്രോഫി താരവും ദേശീയതലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരവുമായ അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 

കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. അസീം സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കേരള അണ്ടർ-21 ടീമിനായി കളിച്ചിട്ടുള്ള അസീം സന്തോഷ് ട്രോഫിയിൽ 2010ൽ മഹാരാഷ്ട്രയ്ക്കും 2013ൽ തമിഴ്നാടിനും വേണ്ടി ബൂട്ടണിഞ്ഞു. വാസ്കോ ഗോവ, സാൽഗോക്കർ, മുംബൈ എഫ്‌സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. ഒൻപത് സീസണുകളിൽ ഐ-ലീഗിൽ കളിച്ച അസീം വേഗതയേറിയ ആക്രമണശൈലിയിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. 

എംഇഎസ് മമ്പാട് കോളജ് ടീമിലൂടെയാണ് അസീമിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തുടർന്ന് കാലിക്കറ്റ് സർവകലാശാല ടീമിലും മലപ്പുറം ജില്ലാ ടീമിലും ഇടം നേടി. ഫെഡറേഷൻ കപ്പ്, ഡ്യൂറൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. 

പ്രശസ്ത ഫുട്ബോൾ താരവും പരിശീലകനുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ് അസീം. അസീമിന്റെ വിയോഗത്തിൽ കേരളത്തിലെ ഫുട്ബോൾ രംഗത്തുനിന്നും നാട്ടുകാരിൽനിന്നും നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.