ജർമ്മനിയിൽ തിളങ്ങി മലയാളി ഗവേഷക; ആഗോള കാലാവസ്ഥാ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കുസാറ്റിലെ സജ്ന

 
Kerala

കൊച്ചി: ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷക സജ്ന പീടിയക്കത്തോടി. ജർമ്മനിയിലെ റൂർ സർവകലാശാല ബൊക്കുമിൽ സെപ്റ്റംബർ 14 മുതൽ 18 വരെ നടന്ന ബൊക്കുമ് അർബൻ ക്ലൈമറ്റ് സമ്മർ സ്കൂൾ 2026-ലാണ് സജ്ന പങ്കെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു സജ്ന. കുസാറ്റ് സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഗവേഷകയായ സജ്നയുടെ ഗവേഷണം നഗര കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. അർബൻ ക്ലൈമറ്റ് ഇൻഫോർമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിലാണ് പരിപാടിയിൽ പ്രധാനമായും ചർച്ചകൾ നടന്നത്.

പരിപാടിയുടെ ഭാഗമായി നടന്ന ശിൽപശാലയിൽ ‘Urban Expansion and Its Influence on Urban Heat Island Dynamics in a Rapidly Developing Tropical Indian Coastal City’ എന്ന വിഷയത്തിൽ സജ്ന ഗവേഷണ പോസ്റ്റർ അവതരിപ്പിച്ചു. അതിവേഗം വികസിക്കുന്ന ഇന്ത്യൻ തീരദേശ നഗരങ്ങളിലെ നഗരവികസനം ചൂടുതുരുത്ത് പ്രതിഭാസത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനത്തിന്റെ പ്രധാന വിഷയം.

ഇന്റർനാഷണൽ അസോസിയേഷൻ ഫോർ അർബൻ ക്ലൈമറ്റിന്റെയും ബൊക്കുമ് അർബൻ ക്ലൈമറ്റ് സമ്മർ സ്കൂൾ 2026 ട്രാവൽ ഗ്രാന്റിന്റെയും സാമ്പത്തിക സഹായത്തോടെയാണ് സജ്ന പരിപാടിയിൽ പങ്കെടുത്തത്. ഡിഎസ്ടി–ANRF ഇന്റർനാഷണൽ ട്രാവൽ സപ്പോർട്ട് സ്കീമിന്റെ പിന്തുണയും ലഭിച്ചു.