അബുദാബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 
death

അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയെ മാർച്ച് 31ന് അബുദാബിയിൽ കാണാതായിരുന്നു. തൃശൂർ ചാവക്കാട് ഒരുമനയൂർ സ്വദേശി സലീമിൻ്റെയും സഫീനാഥിൻ്റെയും മകൻ ഷെലീം (28) ആണ് മരിച്ചത്.

മുസഫ സയീദ് സിറ്റിയിലെ വസതിക്ക് സമീപമുള്ള കെട്ടിടത്തിലാണ് ഷെലീമിൻ്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നില്ല. തുടർന്ന് ഷെലീമിൻ്റെ അയൽവാസികൾ റാസൽഖൈമയിലുള്ള പിതാവ് സലിമിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഷെലീമിൻ്റെ മൃതദേഹം കണ്ടെത്തിയത്.

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. അബുദാബിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു ഷെലീം. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അതിനിടെ നാല് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മലയാളി പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി സഹീർ (44) ആണ് കണ്ണൂരിൽ ജോലിക്കിടെ മരിച്ചത്. 19 വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജനുവരിയിൽ നാട്ടിലെത്തി. മെയ് ഒന്നിന് തിരികെ പോകേണ്ടിയിരുന്നെങ്കിലും അവധി നീട്ടി.