ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവ് ബാറിൽ നിന്ന് അറസ്റ്റിൽ

 
murder

ചേർത്തല: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജലസേചന വകുപ്പ് ജീവനക്കാരൻ പള്ളിപ്പുറം വല്ല്യാവേലിയിൽ രാജേഷിനെ (42) കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.

പള്ളിപ്പുറം ചെട്ടിക്കാട് സി പി ബാബുവിൻ്റെയും അമ്മിണിയുടെയും മകൾ അമ്പിളി(36)യാണ് മരിച്ചത്. സഹകരണ ബാങ്കിൻ്റെ കളക്ഷൻ ഏജൻ്റായ അമ്പിളി ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു. ബൈക്കിലെത്തിയ രാജേഷ് യുവതിയെ പിന്നിൽ നിന്ന് ഇടിച്ചു വീഴ്ത്തുകയും തുടർന്ന് കുത്തുകയുമായിരുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെ ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം പള്ളിച്ചന്തയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. നാട്ടുകാർ ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവളുടെ കഴുത്തിലും മുതുകിലും മുറിവേറ്റു. അമ്പിളിയുടെ ക്യാഷ് ബാഗും കളക്ഷൻ മെഷീനുമായാണ് രാജേഷ് രക്ഷപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയിൽ രാജേഷിൻ്റെ വീടിൻ്റെ പുറകിൽ നിന്ന് ഒരു ഒഴിഞ്ഞ ബാഗ് കണ്ടെത്തി.

സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വേർപിരിയുകയായിരുന്നു. സ്വന്തം വീട്ടിൽ നിന്നാണ് അമ്പിളി ജോലിക്ക് പോയിരുന്നത്. പലതവണ ചർച്ച നടത്തിയിട്ടും ഒന്നിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്.

ചേർത്തല സർക്കിൾ ഇൻസ്പെക്ടർ ജി പ്രൈജു, സബ് ഇൻസ്പെക്ടർ കെ പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രാജലക്ഷ്മിയും രാഹുലും മക്കളാണ്.