പെരുമ്പാവൂരിൽ പുരുഷനും മകളും ടിപ്പർ ലോറിയിടിച്ച് മരിച്ചു

 
Accident
Accident

കൊച്ചി: ടിപ്പർ ലോറി ഇടിച്ച് യുവാവും മകളും മരിച്ചു. എറണാകുളം പെരുമ്പാവൂരിൽ എംസി റോഡിലായിരുന്നു അപകടം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബൈക്കിൽ പോവുകയായിരുന്ന ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

പാലക്കാട് കൃഷി അസിസ്റ്റൻ്റായിരുന്നു എൽദോസ്. നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു ബ്ലെസി. എൽദോസ് മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വിടാൻ പോകുമ്പോഴായിരുന്നു അപകടം. ഇവരെ പിന്നിൽ നിന്ന് ടിപ്പർ ഇടിക്കുകയായിരുന്നു.

ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും എൽദോസിൻ്റെ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.