കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് യുവാവും രണ്ട് മക്കളും മരിച്ചു

 
car

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരാളും രണ്ട് മക്കളും മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ശിവകുമാർ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. കാർ യാത്രക്കാരായ ഇവർ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാസർകോട് നിന്ന് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസ് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൻറെ വാതിലുകൾ തകർത്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ശിവദാസിനും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.

അതിനിടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കഴിഞ്ഞ ദിവസം ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു. പാങ്ങപ്പാറ എകെജി നഗർ എസ് എൻ മൻസിലിൽ സജിയുടെയും പാങ്ങപ്പാറ ഹെൽത്ത് സെൻ്ററിലെ നഴ്‌സിംഗ് അസിസ്റ്റൻ്റ് നൂർജഹാൻ്റെയും മകൻ മുഹമ്മദ് സാനു (28) ആണ് മരിച്ചത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.

നിയന്ത്രണം വിട്ട ബൈക്ക് കാറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. വെട്ടുറോഡ് ഭാഗത്ത് നിന്ന് ചാക്കൈ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഇരു വാഹനങ്ങളും അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാനു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.