മെറ്റലിൽ തെന്നി വീണ് അപകടം സംഭവിച്ച സ്കൂട്ടർ യാത്രക്കാരിക്ക് 22,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
human rights
human rights

തിരുവനന്തപുരം : പൊതുമരാമത്ത് റോഡിൽ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലിൽ സ്കൂട്ടർ തെന്നിവീണ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് 22,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാര തുകയായ 22,500 രൂപ നൽകിയില്ലെങ്കിൽ 8% പലിശ നൽകേണ്ടി വരുമെന്ന് ഉത്തരവിൽ പറഞ്ഞു.  തുക നൽകിയ ശേഷം തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി റിപ്പോർട്ട് സമർപ്പിക്കണം.

നഷ്ടപരിഹാരം പഞ്ചായത്ത് നൽകിയ ശേഷം ഉത്തരവാദികളിൽ നിന്നും നിയമാനുസരണം ഈടാക്കാൻ തൊളിക്കോട് ഗ്രാമപഞ്ചായത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.

2023 മേയ് 9 നാണ് അപകടമുണ്ടായത്.  മൈലാമൂട് ട്രാൻസ്ഫോർമറിന് സമീപം റോഡിലുണ്ടായിരുന്ന മെറ്റലിലാണ് നെടുമങ്ങാട്  സ്വദേശിനി സ്മിതാ ഭാസ്കറിന്റെ സ്കൂട്ടർ  തെന്നി വീണത്.  ഹർജിക്കാരിക്ക് സാരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു.  തുടർന്ന് കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായ ഭർത്താവിന് അവധിയെടുത്ത് വന്ന് ഭാര്യയെ ശുശ്രൂഷിക്കേണ്ടതായി വന്നുവെന്നും പരാതിയിൽ പറയുന്നു.  ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.

കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.  പഞ്ചായത്ത് റോഡിൽ പണി ചെയ്യാനുള്ള മെറ്റൽ  അനുവാദമില്ലാതെ പൊതുമരാമത്ത് റോഡിൽ ഇറക്കിയിട്ടത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി.  മെറ്റൽ ഇറക്കാൻ പഞ്ചായത്തിന്റെ അനുമതി കരാറുകാരൻ വാങ്ങിയില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല.

 വഴിയാത്രക്കാർക്ക് മെറ്റൽ കാരണം അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  റോഡിന്റെ വശങ്ങളിൽ നിർമ്മാണ വസ്തുക്കൾ നിക്ഷേപിക്കുമ്പോൾ പൊതുജനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടെന്ന് ജസ്റ്റിസ് അലക്സാണ്ടർ  തോമസ്  ഉത്തരവിൽ പറഞ്ഞു.

വാഹനാപകട കേസുകളിലെ നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും ഈ കേസിലും സ്വീകരിക്കാനാണ് കമ്മീഷൻ തീരുമാനിച്ചത്. ഇതു പോലുള്ള കേസുകളിൽ അപകടത്തിന് ഇരയായ വ്യക്തിക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ട്. നിയമാനുസരണമുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്  നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. അല്ലാതെ ഏകപക്ഷീയമായിട്ടല്ല. മോട്ടോർ വെഹിക്കിൾ ക്ലെയിംസിൽ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പിന്തുടരാമെന്ന്  ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പരാതിക്കാരി വീട്ടമ്മയാണ്. ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെന്ന് പറയുന്ന പരാതിക്കാരി ആശുപത്രിയിൽ കിടന്നതായി അവകാശപ്പെടുന്നില്ല. ചികിത്സാ രേഖകളും ബില്ലുകളും ഹാജരാക്കിയിട്ടില്ല. ശരീരഭാഗങ്ങളിൽ പുറമേ കാണുന്ന തരത്തിലുള്ള പരിക്കുകളുടെ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ വീഴ്ചയിൽ ശരീരത്തിൽ ക്ഷതം ഉണ്ടായിട്ടുണ്ടന്ന് കരുതാം. രണ്ടാഴ്ച താൻ കിടപ്പിലായെന്ന പരാതിക്കാരിയുടെ അവകാശ വാദം കൂടി  കമ്മീഷൻ കണക്കിലെടുത്തു. 

ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് പഞ്ചായത്ത് നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ പഞ്ചായത്തിന് വീഴ്ച സംഭവിച്ചു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.