എംബിബിഎസ് ഫീസ് വിവാദം; എൻഎംസിയും സർക്കാരും വിലക്കിയിട്ടും അഞ്ചാം വർഷത്തെ ഫീസ് ആവശ്യപ്പെട്ട് കോളേജുകൾ
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് അഞ്ചാം വർഷത്തെ ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. നിർബന്ധിത ഒരു വർഷത്തെ മെഡിക്കൽ ഇന്റേൺഷിപ്പ് ഉൾപ്പെടുന്ന അഞ്ചാം വർഷത്തേക്ക് ട്യൂഷൻ ഫീസ് ഈടാക്കരുതെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ (NMC) നിർദേശവും സംസ്ഥാന സർക്കാർ ഉത്തരവും നിലനിൽക്കെയാണ് ചില കോളേജുകൾ ഫീസ് ആവശ്യപ്പെടുന്നതെന്നാണ് ആരോപണം.
എൻഎംസിയുടെ നിർദേശപ്രകാരം എംബിബിഎസ് കോഴ്‌സിന്റെ അക്കാദമിക് കാലയളവായ നാലര വർഷത്തേക്ക് (54 മാസം) മാത്രമാണ് ഫീസ് ഈടാക്കേണ്ടത്. നിർബന്ധിത റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ്പ് ഉൾപ്പെടുന്ന അധിക ഒരു വർഷത്തേക്ക് ട്യൂഷൻ ഫീസ് ഈടാക്കാൻ പാടില്ലെന്നാണ് നിർദേശം.
ഇത് നടപ്പാക്കുന്നതിനായി കേരള സർക്കാരും സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ നാലര വർഷത്തെ അക്കാദമിക് കാലയളവിന് മാത്രമേ എംബിബിഎസ് ഫീസ് ഈടാക്കാവൂ എന്ന് ഉത്തരവിറക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ഫീസ് റെഗുലേറ്ററി കമ്മിറ്റി നടപടിയെടുക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ചില മെഡിക്കൽ കോളേജുകൾ അഞ്ചാം വർഷത്തേക്കും ഫീസ് ആവശ്യപ്പെടുന്നതായാണ് വിദ്യാർഥികളുടെ പരാതി. ഇതോടെ എൻഎംസിയുടെ നിർദേശവും സർക്കാർ ഉത്തരവും കൃത്യമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ തർക്കം ഉയർന്നിട്ടുണ്ട്. എൻഎംസിയുടെ നിർദേശം മറികടക്കാതെ, അഞ്ചുവർഷത്തെ മൊത്തം ഫീസ് നാലര വർഷത്തിലേക്ക് വിഭജിച്ച് ഈടാക്കുന്ന രീതിയും ചില കോളേജുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.