എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ മുൻ ഇടത് അധ്യാപകസംഘടന ഭാരവാഹികൾ
കോഴിക്കോട് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടത് അനുകൂല അധ്യാപകസംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്സ് യൂണിയന്റെ (KRTU) മുൻ ഭാരവാഹികളായിരുന്നുവെന്ന വിവരം പുറത്തുവന്നു. ഇതോടെ കേസിന് രാഷ്ട്രീയ വിവാദവും നിറംപിടിച്ചിട്ടുണ്ട്.
യുഡിഎഫ് അനുകൂല സംഘടനയായ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരള (SEFK) ആണ് ആരോപണം ഉന്നയിച്ചത്. അറസ്റ്റിലായ കാവ്യ പെരമ്പ്ര ബ്രാഞ്ച് കൺവീനറായും നിഷ്മ ജോയിന്റ് കൺവീനറായും പ്രവർത്തിച്ചിരുന്നുവെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമനവും സംരക്ഷണവും ലഭിച്ചുവെന്നും സംഘടന ആരോപിച്ചു.
അതേസമയം, ഇരുവരും നിലവിൽ സംഘടനയുടെ ഭാരവാഹികളല്ലെന്നും രണ്ട് വർഷം മുൻപാണ് അവരുടെ കാലാവധി അവസാനിച്ചതെന്നും കേരള റിസോഴ്‌സ് ടീച്ചേഴ്സ് യൂണിയൻ വിശദീകരിച്ചു. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വിവരം സംഘടനയ്ക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും യൂണിയൻ അറിയിച്ചു.
ഓപ്പറേഷൻ 'തൂഫാൻ'ന്റെ ഭാഗമായി എംഡിഎംഎ വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മൂന്ന് അധ്യാപികമാരെ അറസ്റ്റ് ചെയ്തത്. കേസിൽ സാമ്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അറസ്റ്റിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മൂന്ന് അധ്യാപികമാരെയും സർവീസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.