പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മാരകം തകർത്തു

 
self

കണ്ണൂർ: പയ്യാമ്പലത്ത് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ സ്മാരകം തകർത്തു. സ്മാരകങ്ങൾക്ക് മുകളിൽ രാസവസ്തുക്കൾ ഒഴിച്ചിട്ടുണ്ട്. നായനാരെ കൂടാതെ കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ എന്നിവരുടെ സ്മാരകങ്ങളിലും ഈ രാസവസ്തു ഒഴിച്ചു.

ഏറ്റവും വികൃതമായത് കോടിയേരി ബാലകൃഷ്ണൻ്റെ സ്മാരകമാണ്. സമീപത്തെ കോൺഗ്രസ് നേതാക്കളുടെ സ്മാരകങ്ങൾക്കോ സിഎംപി നേതാവ് എംവി രാഘവൻ്റെ സ്മൃതികുടീരത്തിനു നേരെയോ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി ആരോപിച്ചു. കണ്ണൂരിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും അവർ പറഞ്ഞു.