മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു
മാനസികാരോഗ്യ സംരക്ഷണത്തിന് ക്വാസി ജ്യുഡിഷല്‍ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും അടിസ്ഥാന സൗകര്യവും ഒരുക്കി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് 14ന് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെയടിസ്ഥാനത്തില്‍ റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുകയും 4 മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മാനസിക രോഗിയായ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷല്‍ സംവിധാനമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്. ഓരോ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളിലും ചെയര്‍മാനും അംഗങ്ങളുമാണുള്ളത്. തിരുവനന്തപുരം - പത്മിനി എം.ജി, കോട്ടയം - വി. ദിലീപ്, തൃശൂര്‍ - കെ.പി. ജോണ്‍, കോഴിക്കോട് - ജിനന്‍ കെ.ആര്‍ എന്നിങ്ങനെയാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് ചെയര്‍മാന്‍മാര്‍.
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുമായി ബന്ധപ്പെട്ട് 2017ലെ മാനസികാരോഗ്യ പരിപാലന നിയമത്തിലെ വിവിധ വകുപ്പുകളില്‍ പരാമര്‍ശിക്കുന്ന സേവനങ്ങള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഈ നിയമത്തിന് കീഴില്‍ വിവിധ മാനസികാരോഗ്യ സ്ഥാപനങ്ങള്‍ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുമായി ബന്ധപ്പെട്ട് നിര്‍വഹിക്കേണ്ട നിയമപരമായ ചുമതലകള്‍ക്ക് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡിനെ സമീപിക്കാവുന്നതാണ്.
വ്യക്തികള്‍ക്ക് മാനസികാരോഗ്യ പരിചരണവും, സേവനങ്ങളും നല്‍കുന്നതിനും അത്തരം വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ നിയമ പ്രകാരം മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുമായുളള സന്ദര്‍ഭങ്ങളില്‍ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്‌ന പരിഹാരത്തിനായി ബോര്‍ഡിനെ സമീപിക്കാവുന്നതാണ്.