മൂന്നാറിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മറുനാടൻ തൊഴിലാളി അറസ്റ്റിൽ

 
crime

ഇടുക്കി: മൂന്നാറിൽ മറുനാടൻ തൊഴിലാളിയുടെ 12 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി സെലാൽ എന്നയാളാണ് അറസ്റ്റിലായത്. ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റിലെ ജീവനക്കാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. സെലാലിനെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിൽ നിന്നാണ് ചെക്ക്പോസ്റ്റിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞത്. സെലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സെലാൽ ഭാര്യയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലുക്ക്ഔട്ട് നോട്ടീസിൽ ഭാര്യയുടെ ചിത്രവും വിവരങ്ങളുമുണ്ട്. എന്നാൽ, അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

മൂന്നാർ ചിറ്റിവര എസ്റ്റേറ്റിലെ 12 വയസ്സുകാരിയാണ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ലൈംഗികാതിക്രമത്തിന് ഇരയായത്. സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം സെലാൽ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിക്ക് കടുത്ത ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ലൈംഗികാതിക്രമത്തിനിരയായ വിവരം ബന്ധുക്കൾ അറിയുന്നത്.

ഇതേത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പ്രതിക്കായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.