കുളത്തുമ്മൽ എച്ച്.എസ്.എസിന് ലിഫ്‌റ്റോടുകൂടിയ ബഹുനിലമന്ദിരം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിൽ ഭൗതികസൗകര്യവികസനം പ്രധാനമെന്ന് മന്ത്രി
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ ബഹുനില മന്ദിരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലിഫ്റ്റ് സൗകര്യത്തോടെ 6.75 കോടി രൂപ ചെലവിൽ നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന് തുടർച്ചയായ വിദ്യാകിരണം മിഷനും പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന നയമാണ് സർക്കാരിന്റേതെന്നും ഗുണമേന്മാ മാനദണ്ഡങ്ങളിൽ പ്രധാനം ഭൗതിക സൗകര്യവികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 973 വിദ്യാലയങ്ങളിൽ കെട്ടിടങ്ങൾക്ക് അനുമതി നൽകി. ഇതിനായി 2,595 കോടി രൂപ നീക്കിവെച്ചു. പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ വിനിയോഗിച്ച് 2,500 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ഏഴര വർഷം കൊണ്ട് അയ്യായിരം കോടി രൂപയുടെ നിക്ഷേപം പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയെന്നും മന്ത്രി പറഞ്ഞു.
128 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കായി 146 കോടി രൂപയുടെ ഭരണാനുമതി കൂടി നൽകിയിട്ടുണ്ട്. എൽ.പി., യു.പി. ഹൈസ്‌കൂൾ വിഭാഗത്തിൽ 95 സ്‌കൂളുകൾക്കായി 90 കോടി രൂപയും 33 ഹയർസെക്കണ്ടറി സ്‌കൂളുകൾക്കായി 56 കോടി രൂപയും ലഭിക്കും. കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിഫ്‌റ്റോടുകൂടിയ കെട്ടിടം സ്‌കൂളിന്റെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സ്‌കൂൾ പ്രിൻസിപ്പാൾ രാജേഷ് എം. എസ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.