വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു

 
Sivankutty
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പ്രീപ്രൈമറി വിദ്യാഭ്യാസം മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാകും. ഇതോടൊപ്പം തന്നെ സ്‌കൂൾ പഠനനിലവാരവും വർദ്ധിപ്പിക്കേണ്ടതുണ്ട്. 
ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 'ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം' എന്ന മേഖലയിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചത്. അതിൽ വന്ന പ്രധാന നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനപ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയപ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഓരോ പേപ്പറിനും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് (30% മാർക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോൺക്ലേവിൽ ഉയർന്നു. നിരന്തര മൂല്യനിർണ്ണയപ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിർദ്ദേശമുണ്ടായി.