മിഠായി പദ്ധതി : തുക കൃത്യമായി വിനിയോഗിക്കണം : ജസ്റ്റിസ് അലക്സാണ്ടർ തോമസ്
തിരുവനന്തപുരം: പ്രമേഹ ബാധിതരായ കുട്ടികൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന മിഠായി പോലുള്ള പദ്ധതികൾക്ക് അനുവദിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പ്രമേഹബാധിതരായ കുട്ടികൾക്ക് വേണ്ടി നടന്ന ശില്പശാലയുടെ ഉദ്ഘാടനം മുസ്ലീം അസോസിയേഷൻ ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് യഥാർത്ഥ ഗുണഭോക്താക്കൾക്ക് വേണ്ടിയാണ്. അനുവദിക്കുന്ന തുക യഥാസമയം യഥാസ്ഥലത്ത് വിനിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. അതിനുള്ള ധാർമ്മിക ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു.
സർക്കാരിനെ കൊണ്ടു മാത്രം ഇത്തരം പദ്ധതികൾ ഇന്നത്തെ സാഹചര്യത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും സുമനസുകളായ ആളുകളുടെ സഹകരണത്തോടെ പൊതുജന നന്മ ലക്ഷ്യമിടുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളംകുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലദിക്കുന്നത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.