പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനും വേസ്റ്റ് ടു എനർജിക്കും മാതൃകാ പ്ലാന്റുകൾ; കേരളം മുന്നോട്ട്

 
VD

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനും സാധാരണ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമായി കേരളത്തിൽ മാതൃകാ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇത്തരം പദ്ധതികൾ യാഥാർഥ്യമാക്കി മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ മാലിന്യസംസ്കരണ മാതൃക പഠിക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഞ്ച് വർഷത്തെ ‘നിർമലം – എ ന്യൂ എറ ഓഫ് ക്ലീൻ കേരളം’ പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി രണ്ടോ മൂന്നോ മാതൃകാ പ്ലാന്റുകളും സാധാരണ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി നാലോ അഞ്ചോ പ്ലാന്റുകളും സംസ്ഥാനത്ത് സ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2031 മാർച്ച് 30നകം കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുകയാണ് ‘നിർമലം’ പദ്ധതിയുടെ ലക്ഷ്യം. ഇത് വെറുമൊരു പ്രചാരണ പരിപാടിയല്ലെന്നും വ്യക്തമായ ലക്ഷ്യങ്ങളും സമയക്രമവും ഉൾപ്പെടുത്തിയ സമഗ്ര പ്രവർത്തന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യസംസ്കരണം കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്നും നിലവിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യം ഉറവിടത്തിൽ തന്നെ പരമാവധി സംസ്കരിക്കുകയും അവശേഷിക്കുന്ന മാലിന്യം ശേഖരിച്ച് നിശ്ചിത സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരേണ്ടത്. മാലിന്യ ശേഖരണ വാഹനങ്ങൾ പൂർണമായും മൂടിയ നിലയിലായിരിക്കണമെന്നും ഗതാഗതത്തിനിടെ മാലിന്യം പുറത്തേക്ക് വീഴുകയോ ദുർഗന്ധം ഉണ്ടാകുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മാലിന്യത്തെ വെറും പാഴ്‌വസ്തുവായി കാണാതെ സമ്പത്തായി പരിഗണിക്കണമെന്നും അതിൽനിന്ന് ഊർജം ഉൾപ്പെടെയുള്ള പ്രയോജനകരമായ വിഭവങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തോതിലുള്ള മാലിന്യസംസ്കരണ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും കൊച്ചി കോർപ്പറേഷൻ പുതിയ പദ്ധതിക്കായി 12 ഏക്കർ ഭൂമി കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.