അങ്കണവാടികള്‍ ആധുനികവത്കരിക്കുന്നത് ഏറെ അനിവാര്യം: മുഖ്യമന്ത്രി
#സ്മാര്‍ട്ട് അങ്കണവാടി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു#
#117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യം#

തിരുവനന്തപുരം: സ്‌കൂള്‍ പഠന കാലഘട്ടത്തിലേക്ക് ഒരു വിദ്യാര്‍ത്ഥി പ്രവേശിക്കുന്നതിന് മുന്‍പ് പ്രധാന പങ്കുവഹിക്കുന്ന ഇടമാണ് അങ്കണവാടികളെന്നും ആയതിനാല്‍ അങ്കണവാടികള്‍ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ ശിശുവികസന വകുപ്പും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന 60-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടിയുടെയും മറ്റ് 30 സ്മാര്‍ട്ട് അങ്കണവാടികളുടെയും സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുഞ്ഞുങ്ങളെ പരിചരിക്കുന്നവര്‍ നമ്മുടെ ഭാവിയെയാണ് പരിപാലിക്കുന്നത്. 45,000ത്തോളം ക്ലാസ്മുറികളാണ് സ്മാര്‍ട്ട് ക്ലാസ് മുറികളായി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരായ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുഖ്യപ്രാധാന്യമാണ് നല്‍കുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 5 ലക്ഷം രൂപ ധനസഹായമായും 4000 രൂപ പ്രതിമാസ സഹായമായും നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളില്‍ ഏഴായിരത്തിലധികം അങ്കണവാടികള്‍ വാടകകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനായി 58 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അങ്കണവാടികളെ കൂടുതല്‍ ശിശു സൗഹൃദമാക്കുകയെന്നതാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.ഇത് കുട്ടികളുടെ ശാരീരികവും, ബൗദ്ധികവുമായ വികാസത്തിന് സഹായകമാകും. സംസ്ഥാനത്തെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ബാല്യകാല വിദ്യാഭ്യാസ പരിചരണം നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം നടന്നു. ഇതു കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി, സ്ഥലസൗകര്യം അനുസരിച്ച് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകള്‍ക്ക് അനുയോജ്യമായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വനിത ശിശുവികസന വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ ഫണ്ടുകള്‍ എന്നിവ സംയുക്തമായി വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കിയത്.
സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ എന്നിവര്‍ സംസാരിച്ചു.