എംഎസ്‌സി എൽസാ-3 കപ്പൽ ദുരന്തം: വിദേശ ജീവനക്കാർക്ക് ആശ്വാസം

 ‘കസ്റ്റഡി’ സമാന താമസ വ്യവസ്ഥയിൽ ഇളവ് നൽകാൻ ഹൈക്കോടതി
 
Kerala
Kerala
കൊച്ചി: കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസാ-3 ചരക്കുകപ്പലിലെ വിദേശ ജീവനക്കാർക്ക് ഇന്ത്യ വിടാൻ അനുമതി നൽകുന്ന കാര്യത്തിൽ കേരള ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചതായി സൂചന. അന്വേഷണത്തിന്റെ പേരിൽ ഒരു വർഷത്തോളമായി കൊച്ചിയിൽ തുടരേണ്ടിവരുന്ന ജീവനക്കാരുടെ വ്യക്തിസ്വാതന്ത്ര്യം അനാവശ്യമായി ഹനിക്കപ്പെടുന്നുവെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. 
റഷ്യ, യുക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് പാസ്‌പോർട്ടുകൾ തിരിച്ചുനൽകാനും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി നൽകാനും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2025 മേയിൽ കപ്പൽ മുങ്ങിയതിന് പിന്നാലെ ഇവർക്ക് കൊച്ചി വിട്ടുപോകാൻ വിലക്കേർപ്പെടുത്തിയിരുന്നു. 
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, “വിദേശികളാണെന്ന കാരണത്താൽ മാത്രം അവരുടെ സ്വാതന്ത്ര്യം ഇത്തരത്തിൽ നിയന്ത്രിക്കാനാവില്ല” എന്ന് കേന്ദ്ര സർക്കാരിനോട് വാക്കാൽ അഭിപ്രായപ്പെട്ടു. അന്വേഷണം പൂർത്തിയാക്കുന്നതിൽ ഉണ്ടായ കാലതാമസം ജീവനക്കാരെ അനിശ്ചിതത്വത്തിലാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. 
സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസും വിവിധ നഷ്ടപരിഹാര ഹർജികളും നിലവിലുണ്ടെങ്കിലും, ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ജീവനക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇവർക്കെതിരെ ഇതുവരെ വ്യക്തിഗത കുറ്റം ചുമത്തിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 
2025 മെയ് 25-ന് കേരള തീരത്തിന് സമീപം എംഎസ്‌സി എൽസാ-3 കപ്പൽ മുങ്ങിയതിനെ തുടർന്ന് പരിസ്ഥിതി മലിനീകരണവും മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടവും ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായതായി സർക്കാർ വിലയിരുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 
കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം ലഭിച്ച ശേഷം വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജീവനക്കാർക്ക് പാസ്‌പോർട്ടുകൾ തിരിച്ചുനൽകി രാജ്യം വിടാൻ അനുമതി ലഭിക്കാനുള്ള സാധ്യത ശക്തമാണെന്ന വിലയിരുത്തലാണ് നിയമവൃത്തങ്ങളിൽ ഉയരുന്നത്.