പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകൾ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എം.എസ്.എഫ് പിന്മാറണം: മന്ത്രി വി ശിവൻകുട്ടി

 
sivankutty
മലപ്പുറം : പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓഫീസുകൾ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എം.എസ്.എഫ് പിന്മാറണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ആർ ഡി ഡി ഓഫീസിൽ ഒരു സംഘം എം എസ് എഫുകാർ തള്ളിക്കയറുകയും ആർ ഡി ഡി ഡോ. അനിലിന്റെ മുറിയിൽ പ്രവേശിച്ച് ഹയർ സെക്കണ്ടറി പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റാണെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഇത് ചെയ്യുവാൻ കഴിയില്ല ആർ ഡി ഡി അറിയിക്കുകയുണ്ടായി. ഇതേ തുടർന്ന് പുറത്ത് നിന്ന എം എസ് എഫുകാർ ആർ ഡി ഡി ഓഫീസ് പൂട്ടുകയും ഓഫീസ് ആക്രമിക്കുകയും തകർക്കുകയും ചെയ്തു. പ്രാഥമിക കണക്കുകൾ അനുസരിച്ച് ലക്ഷങ്ങളുടെ നാശ നഷ്ടം മലപ്പുറം ആർ ഡി ഡി ഓഫീസിൽ സംഭവിച്ചിട്ടുണ്ട് എന്നാണ് കാണുന്നത്. വളരെ ശാന്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിൽ അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുന്ന എം എസ് എഫിന്റെ നടപടി പ്രതിക്ഷേധാർഹമാണ് . മുസ്‌ലിം ലീഗ് ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയാണ് .
പ്ലസ് വൺ സീറ്റുകളുടെ ലഭ്യത സംബന്ധിച്ച് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് കണക്കുകൾ നിരത്തി മറുപടി നൽകിയിട്ടുള്ളതാണ്.
എന്നാൽ ഈ കണക്കുകൾ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ല എന്ന് ചില ആക്ഷേപങ്ങൾ വന്നിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ നിയമസഭയിൽ പറഞ്ഞ കണക്കുകളും വെബ്സൈറ്റിലെ കണക്കുകളും ഒന്നുതന്നെയാണെന്ന് ബോധ്യപ്പെട്ടു. ആദ്യ മൂന്ന് അലോട്ട്മെന്റുകൾക്ക് ശേഷവും മലപ്പുറം ജില്ലയിൽ അടക്കം സീറ്റുകൾ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാമെന്ന് നിയമസഭയിൽ തന്നെ ഉറപ്പ് നൽകിയിട്ടുള്ളതാണ് . വസ്തുതകൾ ഇതായിരിക്കെ ഒന്നാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സമരം പ്രഖ്യാപിക്കുകയും, മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ഓഫീസുകൾ ആക്രമിക്കുന്നത് അടക്കമുള്ള കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന എം എസ് എഫ് ബോധപൂർവം രാഷ്ട്രീയം കളിക്കുകയാണ്. ഇതിൽ നിന്ന് എം എസ് എഫിനെ മുസ്‌ലിം ലീഗ് പിൻതരിപ്പിക്കാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.