എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി

 
k sudhakaran

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍  സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാഫിര്‍ വിവാദം സിപിഎമ്മിന്റെ സമനില തെറ്റിച്ചു. 

പോലീസിനെ ഉപയോഗിച്ച് എത്ര തമസ്‌കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സിപിഎം ആണെന്ന് മാലോകര്‍ക്ക്  അറിയാമെന്നിരിക്കെ അതില്‍നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിന്റെ അടിവേരാണ് ഇളക്കുന്നത്.  കാഫിര്‍ വിവാദം സിപിഎമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാര്‍ട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. സിപിഐ സംസ്ഥാന സെക്രട്ടറിയും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും  മുന്നണിയിലും പൊതുസമൂഹത്തിലും കാഫിര്‍ വിവാദം  പാര്‍ട്ടിയെ വന്‍പ്രതിരോധത്തിലാക്കിയത് സിപിഎം  തിരിച്ചറിയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 

സത്യത്തെ വക്രീകരിക്കാനുള്ള സിപിഎമ്മിന്റെ അസാമാന്യമായ തൊലിക്കട്ടിയാണ് ആവര്‍ത്തിച്ചു വ്യക്തമാകുന്നത്. മാഷാ അള്ളാ ഉള്‍പ്പെടെ തെറ്റില്‍നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സിപിഎം വഴുതിവീഴുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന വര്‍ഗീയ കാര്‍ഡ് ഇക്കുറി കയ്യോടെ പിടിക്കപ്പെട്ടു. ഇതിനെല്ലാം കുടപിടിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന്‍ പറഞ്ഞു. 

കാഫിര്‍ പോസ്റ്റ് വിവാദത്തിലെ സത്യാന്വേഷണവുമായി യുഡിഎഫ്  പ്രക്ഷോഭവും പ്രചാരണവുമായി മുന്നോട്ടുപോകും. 19-ാം തീയതി വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കാനാണ്. തെറ്റു ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ  തുടര്‍ പ്രക്ഷോഭ നിയമ നടപടികള്‍ ഉണ്ടാകുമെന്നും  സുധാകരന്‍ അറിയിച്ചു.