'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ; സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളുടെയും ചുമതല എസ്‌ഐമാർക്ക്
ജനകീയവും കൂടുതൽ കാര്യക്ഷമവുമായ പൊലീസ് സേവനം ലക്ഷ്യമിട്ട് കേരള സർക്കാർ 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർമാർ (എസ്‌ഐമാർ) സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) ചുമതലയേൽക്കും.
പുതിയ ക്രമീകരണപ്രകാരം സംസ്ഥാനത്തെ 484 നിയമ-സമാധാന പൊലീസ് സ്റ്റേഷനുകളിൽ 419 സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക് നൽകും. കേസുകളുടെ എണ്ണം കൂടുതലുള്ള 64 സ്റ്റേഷനുകളിൽ മാത്രമേ സർക്കിൾ ഇൻസ്പെക്ടർമാർ (CI) എസ്‌എച്ച്ഒമാരായി തുടരു. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന്റെ ചുമതല തന്ത്രപ്രധാനമായതിനാൽ ഡിവൈഎസ്‌പിക്കുതന്നെ തുടരും. കൂടാതെ, 63 പൊലീസ് സ്റ്റേഷനുകളിൽ വനിത എസ്‌ഐമാർ എസ്‌എച്ച്ഒമാരാകും.
പോലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുക, പരാതികൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കുക, കസ്റ്റഡി പീഡനവും കസ്റ്റഡി മരണവും പൂർണമായും ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പുതിയ എസ്‌എച്ച്ഒമാർക്കും മേൽനോട്ട ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനവും നൽകും.
ജനമൈത്രി സുരക്ഷാ പദ്ധതിയും പുതുക്കിപ്പണിയുന്ന ഈ പരിഷ്‌കാരത്തിന്റെ ഭാഗമായി ഓരോ പൊലീസ് സ്റ്റേഷനിലെയും സേവനങ്ങളെക്കുറിച്ച് പ്രതിമാസ സ്വതന്ത്ര വിലയിരുത്തൽ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.