നരേന്ദ്ര മോഡിയുടെ കപട നാരീ സ്‌നേഹം ബിജെപിയുടെ സ്ത്രീ വിരുദ്ധത മറച്ചു പിടിക്കാന്‍: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

 
Wim

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങളും അതിക്രമങ്ങളും അനുദിനം വര്‍ധിക്കുന്നതിനിടെ നരേന്ദ്ര മോഡിയുടെ കപട നാരീ സ്‌നേഹം ബിജെപിയുടെ സ്ത്രീ വിരുദ്ധത മറച്ചു പിടിക്കാന്‍ മാത്രമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ബിജെപി വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ പരിഛേദമായ യുപിയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. 

മണിപ്പൂരില്‍ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കിടെ രണ്ടു സ്ത്രീകളെ നഗ്‌നയായി പൊതുനിരത്തിലൂടെ നടത്തിക്കുകയും പരസ്യമായി മാനഭംഗപ്പെടുത്തുകയും ചെയ്തപ്പോള്‍  മൗനം പാലിച്ചയാളാണ് നരേന്ദ്ര മോദി. യുപിയിലെ ഹാഥ്റസില്‍ ദലിത് യുവതിയെ സവര്‍ണ കാപാലികര്‍ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ കുറ്റകരമായ നിലപാട് രാജ്യം കണ്ടതാണ്. 

2002 ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥ ശിശുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം അരങ്ങേറിയത്  നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മുത്വലാഖിലൂടെ മുസ്ലിം സ്ത്രീകളെ മോചിപ്പിച്ചെന്ന മോദിയുടെ വാക്കുകള്‍ അപഹാസ്യമാണ്. സ്വന്തം ഭാര്യയെ യൗവനത്തില്‍ പെരുവഴിയിലാക്കിയ മോദിയുടെ അവകാശവാദത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്. മുത്വലാഖ് മാത്രമല്ല മോദി ഭരണത്തില്‍ ചുട്ടെടുത്ത ഭീകര നിയമങ്ങളിലെല്ലാം വംശീയ വിദ്വേഷത്തിന്റെ ക്രൂരമായ അമ്പുണ്ട്. 

മതത്തിന്റെ പേരില്‍ പൗരത്വം പോലും നിഷേധിക്കുന്ന  ഫാഷിസ്റ്റ് ഭരണാധികാരിയുടെ വീമ്പ് പറച്ചില്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കൗമാരത്തില്‍ പിതാവിനാലും യൗവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ പുത്രന്മാരാലും സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകളെന്നും സ്ത്രീകള്‍ യാതൊരു സ്വാതന്ത്ര്യവും അര്‍ഹിക്കുന്നില്ലെന്നും നിര്‍ദ്ദേശിക്കുന്ന മനുസ്മൃതിയാണ് സംഘപരിവാരത്തിന്റെ ഭരണഘടനയെന്നത്  സ്ത്രീ സമൂഹത്തിന് ബോധ്യമുണ്ടെന്നും എം ഐ ഇര്‍ഷാന വ്യക്തമാക്കി.