തിരുവാർപ്പ് ക്ഷേത്രത്തിൽ 190 ലക്ഷം രൂപയുടെ ഒൻപത് ഇന വികസനങ്ങൾ
കിളിരൂർ കുന്നിൻപുറം ക്ഷേത്രത്തിൽ ആറാട്ട് കടവ് നിർമ്മാണം ഉടൻ
തിരുവാർപ്പ് : ലോകപ്രശസ്തമായ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 190 ലക്ഷം രൂപയുടെ ഒൻപത് ഇന വികസനങ്ങൾക്ക് തുടക്കം കുറിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവൻ നിർമാണ പ്രവർത്തന ഉദ്ഘാടനവും ശിലാസ്ഥാപന കർമ്മവും നിർവഹിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30 ന് ക്ഷേത്ര മൈതാനിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ശിലാസ്ഥാപന കർമം നടന്നത്.
നവീകരണ പ്രവർത്തനങ്ങൾ കേവലം പ്രഖ്യാപനം മാത്രമല്ല ഭരണാനുമതി അടക്കമുള്ളവ ലഭിച്ച് കരാർ ഏൽപ്പിച്ച ശേഷമാണ് ഉദ്ഘാടന കർമ്മം നടത്തുന്നതെന്നും നിർമ്മാണ പ്രവർത്തനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരില്ലെന്ന ഉറപ്പു നൽകിയ മന്ത്രി കരാറിൽ ഉൾപ്പെട്ട മുഴുവൻ ജോലികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ പരിപാടിയിൽ പങ്കെടുത്ത കരാറുകാരന് നിർദ്ദേശം നൽകി.
തിരുവാർപ്പ് പഞ്ചായത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അടിയന്തര പ്രാധാന്യത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും കിളിരൂർകുന്ന് ക്ഷേത്രത്തിലെ ആറാട്ടുകടവ് പുനർനിർമാണം ഉടൻതന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ടി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു , ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ എം ബിന്നു , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയ് കെ ആർ , നവീകരണ പ്രവർത്തനങ്ങളുടെ സംഘാടകസമിതി ചെയർമാൻ അജയൻ കെ മേനോൻ , അഡ്വ. കെ.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
നവീകരണം ഇങ്ങനെ
* ആനക്കൊട്ടിൽ - 15.40 ലക്ഷം
* ആൽത്തറ - 3 ലക്ഷം
* തിരുമുറ്റം - 15.72 ലക്ഷം
* ക്ഷേത്രക്കുളം - 8.5 ലക്ഷം
* ഊട്ടുപുര - 12.8 ലക്ഷം
* കൊട്ടാരം -
- 11.8 ലക്ഷം
* ഓഡിറ്റോറിയവും അനുബന്ധങ്ങളും - 4 .55 ലക്ഷം
* ചുറ്റമ്പലവും, ശ്രീകോവിലും - 19 ലക്ഷം
* പിൽഗ്രിം സെൻ്റെർ - 1 കോടി -
* ആകെ 190 ലക്ഷം രൂപ