നിതിൻ രാജ് മരണക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ
കണ്ണൂർ: അഞ്ഞറക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ കർണാടകയിലെ കുടകിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.
കേരള ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശിലും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. റാം മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുകയും രൂപംമാറ്റാൻ താടി വളർത്തുകയും ചെയ്തിരുന്നതായി അന്വേഷണസംഘം അറിയിച്ചു.
ഏപ്രിൽ 10-ന് അഞ്ഞറക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ജാതി അധിക്ഷേപവും മാനസിക പീഡനവും നേരിട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കേസിൽ ഡോ. റാമിനെതിരെ ആത്മഹത്യാപ്രേരണയും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.